This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഹിന്ദിപ്രചാരസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഹിന്ദിപ്രചാരസഭ

കേരള ഹിന്ദി പ്രചാരസഭ - തിരുവനന്തപുരം

കേരളത്തില്‍ ഹിന്ദിഭാഷ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസന്നദ്ധസംഘടന. കേരളത്തിലെ ആദ്യകാല ഹിന്ദിപ്രചാരകന്മാരില്‍ അഗ്രഗണ്യനും സ്വാതന്ത്യ്രസമരഭടനുമായിരുന്ന കെ. വാസുദേവന്‍പിള്ള 1934-ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ ഹിന്ദിപ്രചാരസഭയാണ് 1957-ല്‍ കേരളഹിന്ദിപ്രചാരസഭയായി വളര്‍ന്നത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഈ സഭ 1947 വരെ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ഒരു ശാഖപോലെ പ്രവര്‍ത്തിക്കുകയും അതിന്റെ പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു. രാഷ്ട്രഭാഷയുടെ സ്വരൂപത്തെപ്പറ്റി ദേശീയതലത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ഹിന്ദിപ്രചാരസഭ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയോടുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചു. രാഷ്ട്രഭാഷയുടെ ശരിയായ രൂപം അറബി-പേര്‍ഷ്യന്‍ വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹിന്ദുസ്ഥാനിയല്ല, മറിച്ച് പ്രാദേശികഭാഷയോടു വളരെ അടുപ്പമുള്ള സംസ്കൃതപദപ്രധാനമായ ഹിന്ദിയായിരിക്കണം എന്ന പുരുഷോത്തമദാസ് ടണ്ഡന്റെയും മറ്റും അഭിപ്രായമാണ് തിരുവിതാംകൂര്‍ ഹിന്ദിപ്രചാരസഭയ്ക്കുണ്ടായിരുന്നത്. തുടര്‍ന്ന് 1948-ല്‍ സഭ പ്രത്യേകമായ ഒരു പാഠ്യക്രമം ആവിഷ്കരിച്ചു പരീക്ഷകള്‍ നടത്തിത്തുടങ്ങി. 1964 മുതല്‍ വഴുതയ്ക്കാട്ടുള്ള സ്വന്തം കെട്ടിടത്തിലാണ് സഭയുടെ മുഖ്യകാര്യാലയം പ്രവര്‍ത്തിച്ചുവരുന്നത്. കേന്ദ്രീയ മഹാവിദ്യാലയം, കെ. വാസുദേവന്‍പിള്ള സ്മാരക ഹിന്ദി ഗ്രന്ഥാലയം, ഹിന്ദി ബിരുദാനന്തരപഠനകേന്ദ്രം, ഹിന്ദി ടൈപ്പ്റൈറ്റിങ് ആന്‍ഡ് ഷോര്‍ട്ട്ഹാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്, രാഷ്ട്രവാണീ മുദ്രണാലയം എന്നിവയാണ് സഭയുടെ വകയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍. എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സഭയ്ക്കു ശാഖാകാര്യാലയങ്ങളുണ്ട്.

ഹിന്ദിപ്രഥമ, ഹിന്ദിദൂസരി, രാഷ്ട്രഭാഷ (ഹിന്ദി), ഹിന്ദി പ്രവേശ്, ഹിന്ദിഭൂഷണ്‍, സാഹിത്യാചാര്യ എന്നിവയാണ് സഭ നടത്തിവരുന്ന മുഖ്യ കോഴ്സുകള്‍. ഹിന്ദി ടൈപ്പ്റൈറ്റിങ്ങിനും ചുരുക്കെഴുത്തിനുമുള്ള പരീക്ഷ, ഹിന്ദി എം.എ. ജയിച്ചവര്‍ക്കുവേണ്ടി പരിഭാഷ, സെക്രട്ടേറിയല്‍ പ്രാക്ടീസ്, പത്രപ്രവര്‍ത്തനം എന്നീ മൂന്നുവിഷയങ്ങള്‍ക്കായുള്ള ഡിപ്ലോമാപരീക്ഷ എന്നിവയും സഭ നടത്തിവരുന്നു.

'അഖിലഭാരതീയ ഹിന്ദി സംസ്ഥാനസംഘ'ത്തിലെ അംഗമായ സഭ കേന്ദ്രീയ ഹിന്ദി ഡയറക്ടറേറ്റ്, കേന്ദ്രീയ ഹിന്ദി സംസ്ഥാന്‍ (ആഗ്ര), എന്‍.സി.ഇ.ആര്‍.ടി. എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടു ഹിന്ദി ഭാഷാധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്സുകളും എഴുത്തുകാര്‍ക്കുള്ള ശില്പശാലകളും വര്‍ഷന്തോറും നടത്തിവരുന്നുണ്ട്. ദേശീയോദ്ഗ്രഥനത്തിനും ഭാഷാപരവും വൈകാരികവുമായ ഐക്യത്തിനുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സഭയുടെ പ്രഖ്യാപിതലക്ഷ്യം. സഭയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഈ ലക്ഷ്യത്തിനു മുന്‍തൂക്കം നല്കിവരുന്നുമുണ്ട്. മലയാളത്തെയും ഹിന്ദിയെയും പരസ്പരം ഇണക്കിച്ചേര്‍ക്കുന്ന ഒരു കണ്ണിയായിട്ടാണ് സഭയുടെ മുഖപത്രമായ കേരള ജ്യോതി മാസിക പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍